വിദേശ ഭീകരരുടെ സംഘത്തെ പിടികൂടിയ ജമ്മു കശ്മീർ പൊലീസിലെ രഹസ്യാന്വേഷണ സംഘാംഗമായിരുന്നു മുദ്ദസിര്‍. പാക് പൗരത്വമുള്ളവരും പുനരധിവാസ പദ്ധതിപ്രകാരം കീഴടങ്ങിയവരുമായ മുന്‍ ഭീകരരുടെ ബന്ധുക്കളുമടക്കം 60 പേരുടെ പട്ടികയിലാണ് മരണാനന്തരബഹുമതിയായി 2023ല്‍ രാജ്യം ശൗര്യ ചക്ര നല്‍കി ആദരിച്ച കോണ്‍സ്റ്റബിളിന്റെ മാതാവിനെയും ഉള്‍പ്പെടുത്തിയത്.
ജമ്മു കശ്മീരിലെ വിവിധ ജില്ലകളില്‍ നിന്ന് ഇവരെ പിടികൂടി വാഗാ അതിർത്തിയില്‍ പാകിസ്താൻ അധികൃതർക്ക് കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍, കടുത്ത വിമർശനം ഉയർന്നതോടെ ശമീമ അക്തറിനെ പിന്നീട് തിരിച്ചയച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശമീമയും ഭര്‍ത്താവും റിട്ട. പൊലീസുകാരനായ മുഹമ്മദ് മഖ്സൂദുമാണ് മുദ്ദസിര്‍ അഹമ്മദ് ശൈഖിനുള്ള ശൗര്യചക്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഇതിന്റെ ഫോട്ടോയും വിഡിയോയും രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു. മുദ്ദസിറിന്റെ വീട്ടില്‍ മരണാനന്തരം ആദരമർപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായും ലെഫ്റ്റനന്റ് ഗവർണറും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആദരസൂചകമായി ബാരാമുള്ള ടൗണ്‍ സ്ക്വയറിന് ഷഹീദ് മുദ്ദസിര്‍ ചൗക്ക് എന്ന് പേരും നല്‍കി.പാക് അധിനിവേശ കശ്മീരില്‍നിന്ന് 20ാം വയസ്സിലാണ് ശമീമ ഇന്ത്യയിലെത്തിയത്. 65കാരിയായ ഇവർ 45 വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസക്കാരിയാണ്. ശമീമയെ നാടകടുത്തരുതെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. 'ശമീമ അക്തര്‍ പാക് അധിനിവേശ കശ്മീരില്‍നിന്നാണ്. അത് നമ്മുടെ ഭൂമിയാണ്. പാകിസ്താനികളെ മാത്രമാണ് നാടുകടത്തേണ്ടത്' -സഹോദരൻ മുഹമ്മദ് യൂനസ് പറഞ്ഞു.
ശ്രീനഗറില്‍നിന്നുള്ള 36 പേരെയും ബാരാമുള്ള, കുപ്‍വാര എന്നിവിടങ്ങളില്‍ നിന്ന് ഒമ്ബതുപേരെ വീതവും ബുദ്ഗാമിലെ നാല് പേരെയും ഷോപ്പിയാനിലെ രണ്ടുപേരെയുമാണ് നാടുകടത്തുന്നത്. സി.ആർ.പി.എഫ് ജവാന്റെ ഭാര്യയും പട്ടികയില്‍ ഉണ്ട്.



0 Comments