കോഴിക്കോട്: തദ്ദേശ വോട്ടർപട്ടികയില്‍ പരാതിക്കിടയാക്കിയത് പഞ്ചായത്ത് സെക്രട്ടറിമാർ നടത്തിയ ബള്‍ക്ക് ട്രാന്‍സഫറെന്ന് ആക്ഷേപം.വോട്ടർമാരുടെ മാറ്റത്തെക്കുറിച്ച് ഏഴ് ദിവസം നോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡം പാലിക്കാതെ ട്രാന്‍സ്ഫർ നടത്തിയെന്നാണ് പരാതി.വോട്ടു മാറ്റം സംബന്ധിച്ച രേഖകളും പലയിടത്തും സൂക്ഷിച്ചിട്ടില്ല.
രേഖകള്‍ നഗരസഭാ സെക്രട്ടറിയുടെ കൈവശമായതിനാല്‍ നിലവില്‍ ഈ ഓഫീസില്ലെന്നാണ് വോട്ടർപട്ടികയില്‍ നിന്ന് പേരു വെട്ടി മാറ്റിയെന്ന പരാതി ഉന്നയിച്ചയാള്‍ക്ക് കോഴിക്കോട് കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ അസി.സെക്രട്ടറി നല്കിയ മറുപടി. നഗരസഭാ സെക്രട്ടറിയാണെങ്കില്‍ ദിവസങ്ങളായി ഓഫീസില്‍ വരാറുമില്ല. ലീവായതിനാല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നിലവില്‍ അനുവദിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുന്നുവെന്നും മറുപടിയില്‍ പറയുന്നു. ഇത് കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ മാത്രം പ്രശ്നമല്ല. വോട്ടർരെ മാറ്റിയത് സംബന്ധിച്ച രേഖകള്‍ ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി നല്കാന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കഴിയുന്നില്ല. ചട്ടപ്രകാരമല്ല വോട്ടുമാറ്റം നടത്തിയെന്നതിനുള്ള സൂചനയാണ് ഇത്.
വാർഡ് വിഭജനത്തിനനുസൃതമായി വോട്ടർമാരെ കൂട്ടത്തോടെ മാറ്റാന്‍ പഞ്ചായത്ത്/മുന്‍സിപ്പല്‍ സെക്രട്ടറിമാർക്ക് അധികാരമുണ്ട്. എന്നാല്‍ ഏഴ് ദിവസത്തെ പൊതു നോട്ടീസ് നല്‍കണം എന്നതടക്കം മാനദണ്ഡങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെ ഏറ്റവും അവസാന ഘട്ടം നടപ്പാക്കിയതോടെയാണ് അന്തിമപ്പട്ടികയിലും പരാതി പ്രളയമായത്. പഞ്ചായത്ത് സെക്രട്ടറിമാരെ രാഷ്ട്രീയമായി സ്വാധീനിച്ചുവെന്ന പരാതിയും പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്.
തദ്ദേശ വോട്ടർ പട്ടികയുടെ ആദ്യ കരട് വന്നപ്പോള്‍ തുടങ്ങിയ പരാതി രണ്ടു ഘട്ടങ്ങളിലായി പരാതി കേട്ട് പ്രസിദ്ധീകരച്ച അന്തിമ പട്ടികയിലും പരിഹാരമില്ലാതെ തുടരുന്നു. പരാതി വോട്ടർ പട്ടികയുമായി എങ്ങനെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.


0 Comments