കോഴിക്കോട്: സമസ്തയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, മുശാവറ അംഗങ്ങൾ എന്നിവരാണ് സമിതിയിലുള്ളത്. സമസ്തയിലെ ലീഗ് അനുകൂല, വിരുദ്ധ വിഭാഗങ്ങളും സമിതിയിലുണ്ട്. സാദിഖലി തങ്ങൾ, ജിഫ്രി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
സമസ്ത- ലീഗ് തർക്കം പരിഹരിക്കാൻ ദീർഘനാളായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചയുടെ ഭാഗമായാണ് സമിതി രൂപീകരിച്ചത്. സമസ്തയുടെ നൂറാം വാർഷികത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഘടനാ പ്രശ്‌നങ്ങൾ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരം വേഗത്തിലാക്കാൻ നേതാക്കൾ തീരുമാനിച്ചത്.
സമ്മേളന വിജയത്തിനായുള്ള ഫണ്ട് പിരിവിനെയും സമസ്തയിലെ തർക്കങ്ങൾ പ്രതികൂലമായി ബാധിച്ചിരുന്നു. 25 കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ ഫണ്ട് പിരിവിൽ അഞ്ച് കോടി മാത്രമാണ് സമാഹരിക്കാനായത്. സമ്മേളന സ്വാഗതസംഘത്തിന്റെ പ്രവർത്തനങ്ങളുമായി സാദിഖലി തങ്ങളും ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളും സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ജിഫ്രി തങ്ങളുടെ നേതൃത്വത്തിലാണ് പ്രശ്‌നപരിഹാരത്തിന് നീക്കം നടക്കുന്നത്.


0 Comments