ഗാന്ധിനഗർ: ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. നാളെ മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് മന്ത്രിമാരുടെ കൂട്ട രാജി.ഏഴ് മുതല്‍ 10 വരെ മന്ത്രിമാരെ നിലനിർത്താൻ സാധ്യതയുണ്ട്. ബാക്കിയുള്ളവർ പുതുമുഖങ്ങളായിരിക്കും. വീണ്ടും മന്ത്രിമാരാകുന്നവരുടെ രാജി ഗവർണർക്ക് കൈമാറില്ലെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് രാത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. പുതിയ മന്ത്രിസഭ നാളെ രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാർ രാജിവെച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബൻസാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി നടത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബൻസാല്‍ യോഗത്തില്‍ അറിയിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണി. ബിജെപി സംസ്ഥാന അധ്യക്ഷൻ ജഗദീഷ് വിശ്വർമയാണ് മന്ത്രിമാരുമായി സംസാരിച്ച് സമവായത്തിലെത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജാതി- പ്രാദേശിക പ്രാതിനിധ്യം സന്തുലിതമാക്കുന്നതിനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.


0 Comments