News

6/recent/ticker-posts

Header Ads Widget


'വാക്കിൻ്റെ' പേരില്‍ ഏറ്റുമുട്ടല്‍; ഡി കെ ശിവകുമാറിന് പരോക്ഷ മറുപടിയുമായി സിദ്ധരാമയ്യ


ബംഗളൂരു: അധികാരത്തർ‌ക്കം മുറുകുന്ന കർണാടകയില്‍ 'വാക്കിൻ്റെ' പേരില്‍ ഏറ്റമുട്ടി സിദ്ധരാമ്മയ്യയും ഡി കെ ശിവകുമാറും.'ഒരു വാക്ക് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകം മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ അതിന് ശക്തിയില്ലെന്ന' സിദ്ധരാമയ്യയുടെ പ്രതികരണം ഡി കെ ശിവകുമാറിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തല്‍. നേരത്തെ വാക്കിൻ്റെ ശക്തി ലോകശക്തിയാണെന്ന് ഡി കെ ശിവകുമാർ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യാജം എന്ന് ഈ പോസ്റ്റിനെ പിന്നീട് ഡി കെ ശിവകുമാർ വിശേഷിപ്പിച്ചിരുന്നു. ഈ പോസ്റ്റിന് പുറമെ ബെംഗളൂരുവില്‍ നടന്ന പരിപാടിയിലും ഡി കെ ശിവകുമാർ സമാനമായ പരാമർശം നടത്തിയിരുന്നു. 'വാക്കിൻ്റെ ശക്തി ലോകശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണ്. അത് ജഡ്ജിയായാലും പ്രസിഡൻ്റായാലും മാറ്റാരായാലും ഞാനായാലും പറഞ്ഞത് ചെയ്യണം' എന്നായിരുന്നു ഡി കെ ശിവകുമാർ പ്രതികരിച്ചത്.

കർണാകടയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും രണ്ടര വർഷത്തിന് ശേഷം ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു നല്‍കാമെന്നും സിദ്ധരാമയ്യ ഹൈക്കമാൻഡിന് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ഡി കെ ശിവകുമാർ പക്ഷം പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് വാക്ക് പാലിക്കണമെന്ന നിലയില്‍ ഡി കെ ശിവകുമാർ പ്രതികരിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എക്സില്‍ ഇത് സംബന്ധിച്ച പോസ്റ്റ് ഇട്ടത് താനല്ലെന്ന് ഡി കെ ശിവകുമാർ‌ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഡി കെ ശിവകുമാറിൻ്റെ പ്രതികരണം തനിക്കെതിരാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന നിലയിലാണ് ക‍ർ‌ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പോസ്റ്റ്. 'കർണാടകയിലെ ജനങ്ങള്‍ നല്‍കിയ ജനവിധി ഒരു നിമിഷത്തേയ്ക്കല്ല, മറിച്ച്‌ അഞ്ച് വർഷം നീണ്ടുനില്‍ക്കുന്ന ഒരു ഉത്തരവാദിത്തമാണ്. ഞാൻ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പാർട്ടി നമ്മുടെ ജനങ്ങള്‍ക്കുവേണ്ടി അനുകമ്ബയോടും സ്ഥിരതയോടും ധൈര്യത്തോടും കൂടി പ്രവർത്തിക്കുന്നു' എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണയും മുൻകാലങ്ങളിലും മുഖ്യമന്ത്രി പദവിയിലിരിക്കുമ്ബോള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ വിശദമാക്കുന്ന പോസ്റ്റ് സിദ്ധരാമയ്യ പങ്കുവെച്ചിരിക്കുന്നത്. കർണാടകയോടുള്ള ഞങ്ങളുടെ വാക്ക് വെറുമൊരു മുദ്രാവാക്യമല്ല, അത് ഞങ്ങളെ സംബന്ധിച്ച്‌ ലോകം എന്നാണ് അർത്ഥമാക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

കർണാകടയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നതിനിടയിലാണ് ഇരു നേതാക്കളും വിഷയത്തില്‍ പരോക്ഷമായ സൂചനകളുമായി രംഗത്ത് വന്നിരിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനിച്ചാല്‍ ഡി കെ ശിവകുമാറിനെ അംഗീകരിക്കുമെന്ന് സിദ്ധാരാമയ്യയുടെ അനുയായിയും ആഭ്യന്തരമന്ത്രിയുമായ ജി പരമേശ്വര വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിദ്ധാരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്നായിരുന്നു മറ്റൊരു മന്ത്രിയായ സമീർ അഹമ്മദ് ഖാൻ്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കർണാടകയിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ ഹൈക്കമാൻഡ് ഇടപെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 29-ന് ഇരുനേതാക്കളും ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുള്‍പ്പെടെ സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും കൂടിക്കാഴ്ച്ച നടത്തും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസിനെ നയിച്ചതും കോണ്‍ഗ്രസിന്റെ മുഖമായതും ഡി കെ ശിവകുമാറാണ്. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണ് ഉണ്ടായത്. അധികാരത്തിലെത്തി രണ്ടര വർഷം കഴിയുമ്ബോള്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് തനിക്ക് ഉറപ്പുലഭിച്ചിരുന്നെന്നും അത് പാലിക്കപ്പെടണമെന്നുമാണ് ഡി കെ ശിവകുമാറിൻ്റെ ആവശ്യം. എന്നാല്‍ തനിക്ക് മൂന്നുവർഷം പൂർത്തിയാക്കാനുളള സമയം നല്‍കണമെന്നാണ് ഇപ്പോള്‍ സിദ്ധരാമയ്യയുടെ നിലപാട്. മെയ് മാസത്തോടെ സർക്കാർ മൂന്നുവർഷം പൂർത്തിയാക്കും. എന്നാല്‍ ഇത് ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല. ഡി കെ ശിവകുമാറിനെ ഇപ്പോള്‍ മാറ്റിനിർത്തുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ ഹൈക്കമാൻഡിനുണ്ട്.

ഇതിനിടെ കർണാടകയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി. കോണ്‍ഗ്രസില്‍ തർക്കങ്ങള്‍ മുറുകുന്ന പശ്ചാത്തലത്തിലാണ് ബിജെപി അവിശ്വാസം കൊണ്ടുവരാനൊരുങ്ങുന്നത്. ഡിസംബർ എട്ടിനാണ് കർണാടകയില്‍ നിയമസഭാ സമ്മേളനം നടക്കുന്നത്. ഈ സമയത്ത് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് വിവരം. നേരത്തെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെങ്കില്‍ ബിജെപി പുറമെ നിന്ന് പിന്തുണ നല്‍കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് സദാനന്ദ ഗൗഢ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡി കെ ശിവകുമാ‍ർ ഈ നിലപാട് തള്ളിക്കളഞ്ഞിരുന്നു.

Post a Comment

0 Comments