ബീഹാർ തെരഞ്ഞെടുപ്പില്‍ വൻ അഴിമതി നടന്നതായി ധ്രുവ് റാഠി. തെരഞ്ഞെടുപ്പുകള്‍ നിക്ഷ്പക്ഷമായിരിക്കണമെന്നും എന്നാല്‍ ബിഹാർ തെരഞ്ഞെടുപ്പ് ഒരു തരത്തിലും സുതാര്യമായിരുന്നില്ലെന്നും ധ്രുവ് റാഠി പുതിയ വീഡിയോയില്‍ പറയുന്നു.ആറ് തെളിവുകള്‍ നിരത്തിയാണ് ധ്രുവ് റാഠി ബിഹാർ തെരഞ്ഞെടുപ്പിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്. ബിഹാറില്‍ ബിജെപി- ജെഡിയു നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻഭൂരിപക്ഷത്തില്‍ അധികാരം നിലനിർത്തിയത് ഇത്തരം വളഞ്ഞ വഴിയിലൂടെയാണെന്ന് തെളിവുകളിലൂടെ സമർഥിക്കുകയാണ് അദ്ദേഹം. ഈ തെളിവുകള്‍ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു.
1. ജനങ്ങള്‍ക്ക് പണം നല്‍കി വോട്ട്
തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ ആദ്യത്തെ തെളിവ് 10,000 രൂപയുടെ കൈക്കൂലിയാണെന്ന് ധ്രുവ് റാഠി പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് വെറും ആറ് ദിവസം മുമ്ബ് ഒക്ടോബർ 31നും രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്ബ് നവംബർ ഏഴിനുമുള്‍പ്പെടെ ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം എത്തി. ഇത് നിയമാനുസൃത കൈക്കൂലിയാണ്. ഈ പണം വോട്ടർമാരെ സ്വാധീനിച്ചു. ചെറുകിട ബിസിനസ് തുടങ്ങാനാണ് ഇത് നല്‍കിയത്. ഈ പദ്ധതിപ്രകാരം സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്ക് പണം നല്‍കി. ആറ് മാസത്തിന് ശേഷം ഈ സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ കൂടി നല്‍കുമെന്നും എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തു.
ജീവിക സെല്‍ഫ്- ഹെല്‍പ് ഗ്രൂപ്പില്‍ ചേർന്ന വനിതകള്‍ക്കായിരുന്നു ഈ തുക നല്‍കിയത്. ഇവരെ ജീവിക ദീദി എന്നാണ് വിളിക്കുക. ഈ പദ്ധതിയുടെ ഗുണങ്ങളുടെ പശ്ചാത്തലത്തില്‍ താനിതിനെ എതിർക്കുന്നില്ല. എന്നാല്‍, ഇത് നല്‍കിയ സമയം വളരെ പ്രധാനമാണ്. സെപ്തംബർ 26നാണ് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനിടെ ഈ പണം കൈമാറുകയും ചെയ്തു. അതിലൂടെ അവരുടെ വോട്ടിനെ സ്വാധീനിച്ചു. ആദ്യം 10,000 രൂപയും പിന്നീട് രണ്ട് ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനവും കിട്ടുമ്ബോള്‍ ആരാണ് വോട്ട് ചെയ്യാതിരിക്കുകയെന്ന് ധ്രുവ് റാഠി ചോദിക്കുന്നു.
പക്ഷേ ഇതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അധികാരത്തിലിരിക്കുന്ന പാർട്ടിയും സർക്കാരും ഒരു തരത്തിലുമുള്ള സാമ്ബത്തിക സഹായമോ ആനുകൂല്യങ്ങളോ ജനങ്ങള്‍ക്ക് നല്‍കാൻ പാടില്ല. ഒക്ടോബർ ആറിനാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17, 24, 31, നവംബർ ഏഴ് ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പണം നല്‍കി സർക്കാർ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചു. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടി പദ്ധതിയോ എന്ന് ധ്രുവ് ചോദിക്കുന്നു.
2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാരും 2024ല്‍ ആന്ധ്രാപ്രദേശ് സർക്കാരും 2023ല്‍ തെലങ്കാന ബിആർഎസ് സർക്കാരും ഇത്തരത്തില്‍ ധനസഹായം നല്‍കാൻ ശ്രമിച്ചപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുമ്ബ് ഇത്തരത്തില്‍ സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്നും അവർക്ക് നിർദേശം നല്‍കി. കാരണം ഇത് കൈക്കൂലി നല്‍കുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി- അദ്ദേഹം വ്യക്തമാക്കുന്നു.
2. ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ
മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്ത നിരവധി വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു എന്ന് ധ്രുവ് ചൂണ്ടിക്കാട്ടുന്നു. ഇതിന് നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. ബിജെപി പ്രവർത്തകരായ നാഗേന്ദ്രകുമാർ ഡല്‍ഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡല്‍ഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഇതിന്‍റെയെല്ലാം ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിരുന്നു. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും നിരവധി വ്യാജന്മാരെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറില്‍ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറില്‍ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും എന്നാല്‍ അവർ മൗനം തുടരുകയാണെന്നും ധ്രുവ് പറയുന്നു.
3. സ്പെഷ്യല്‍ വോട്ടർ ട്രെയിനുകള്‍
ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് സ്പെഷ്യല്‍ ട്രെയിനുകളില്‍ ബിജെപി വ്യാജ വോട്ടർമാരെ കൊണ്ടുവന്നു. അവരെക്കൊണ്ട് ബിഹാറില്‍ വ്യാജ വോട്ട് ചെയ്യിച്ചു. ഏകദേശം നാല് സ്പെഷ്യല്‍ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രിംകോടതി അഭിഭാഷകൻ കപില്‍ സിബല്‍ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇവർ യഥാർഥ വോട്ടർമാരാണെങ്കില്‍ അവർക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്തിനാണെന്നും കപില്‍ സിബല്‍ ചോദിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും ബിജെപിയോ മോദി സർക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനില്‍ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെയെത്തിച്ചവർക്ക് ട്രെയിനുകളില്‍ സൗജന്യ ഭക്ഷണവും നല്‍കി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാല്‍ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചില്ല.
4. സിസിടിവി നിയമങ്ങള്‍ മാറ്റി ദൃശ്യങ്ങള്‍ മറച്ചു
സിസിടിവി നിയമങ്ങളില്‍ മാറ്റം വരുത്തി ക്രമക്കേടുകളെ മായ്ച്ചുകളഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച പരാതികളില്‍ പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. എത്രയാള്‍ എത്തിയെന്നും വോട്ട് ചെയ്തെന്നും ഒരേ ആള്‍ തന്നെ വീണ്ടും വോട്ട് ചെയ്തോ എന്നുമൊക്കെ ഈ ദൃശ്യങ്ങളിലൂടെ അറിയാമായിരുന്നു. എന്നാല്‍ നിയമങ്ങള്‍ മാറ്റി ഈ സിസിടിവി ദൃശ്യങ്ങളെല്ലാം മറച്ചു.
ചില സ്ഥലങ്ങളില്‍ ഒരേ ആള്‍ തന്നെ രണ്ടു വിവിധ സ്ഥലങ്ങളില്‍ വോട്ട് ചെയ്യുന്നെന്ന പരാതി ഉയർന്നിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോള്‍ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കകം ഈ ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും പെണ്‍മക്കളുടേയും ദൃശ്യങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നത് ഉചിതമാണോ എന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. അതിനിത് ബെഡ്റൂമിലെ ദൃശ്യങ്ങളാണോ, ജനങ്ങള്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ലേയെന്നും ധ്രുവ് റാഠി ചോദിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ധ്രുവ് റാഠി അടിവരയിടുന്നു.
5. പട്ടികയില്‍നിന്ന് വോട്ടർമാരെ വ്യാപകമായി വെട്ടി
ജൂണിനും സെപ്തംബറിനും ഇടയിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആർ നടത്തിയത്. വോട്ടർ പട്ടിക പുതുക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ വ്യാജ വോട്ടർമാരെ ഒഴിവാക്കിയില്ലെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നു. 7.89 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ബിഹാർ വോട്ടർ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എസ്‌ഐആറിന് ശേഷം ഇത് 7.42 കോടിയായി മാറി. അതായത്, 47 ലക്ഷത്തോളം വോട്ടർമാരെ വെട്ടി. എസ്‌ഐആറിന്‍റെ പേരില്‍ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി വെട്ടുകയാണ് ചെയ്തത്.
പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് വോട്ട് വെട്ടല്‍ കൂടുതലും നടന്നത് എന്നതില്‍ നിന്നുതന്നെ സർക്കാരിന്‍റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടർമാരില്‍ 24.7 ലക്ഷം പേരും മുസ്‌ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്‌ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത്, ആദിവാസി വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. എസ്‌ഐആറിന് ശേഷം തങ്ങളുടെ വോട്ടുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയതായി നിരവധി വോട്ടർമാർ പറയുന്ന വീഡിയോകളും ധ്രുവ് റാഠി കാണിച്ചു. ചില വോട്ടർമാർ പോളിങ് ബൂത്തുകളില്‍ എത്തുന്നതിന് മുൻപ് തന്നെ മറ്റാരോ അവരുടെ വോട്ടുകള്‍ ചെയ്തിരുന്നു.
6. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പക്ഷപാതപരമായ പെരുമാറ്റം
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സഹായിച്ചത് എങ്ങനെയെല്ലാമാണെന്ന് ധ്രുവ് റാഠി ആറാമത്തെ തെളിവായി വിശദീകരിക്കുന്നു. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങള്‍ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ല്‍ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളില്‍ മാത്രം കേന്ദ്രീകരിക്കാൻ മോദിക്കും അമിത് ഷായ്ക്കും സഹായമാകുംവിധമാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങള്‍ കമ്മീഷൻ ക്രമീകരിച്ചത്. ബിജെപി നേതാക്കള്‍ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതില്‍ ഒരിക്കല്‍പ്പോലും കമ്മീഷൻ ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു, മുസ്‌ലിം വിരുദ്ധ പരാമർശങ്ങള്‍ നടത്തി. എന്നാല്‍ നടപടിയുണ്ടായില്ല. കാരണം മോദി സർക്കാരാണ് കമ്മീഷനെ തെരഞ്ഞെടുത്തതെന്നും ധ്രുവ് റാഠി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് തനിക്ക് കോടതിയില്‍ പോയിക്കൂടാ എന്ന് നിങ്ങള്‍ ചോദിക്കും, എന്നാല്‍ 2023ല്‍ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗദിപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് ഫയല്‍ ചെയ്യാനാവില്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും ധ്രുവ് റാഠി വിശദമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാരിന് വേണ്ടി മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരങ്ങള്‍ കാണിക്കാൻ സാധിക്കുമെന്നും ധ്രുവ് റാഥി കൂട്ടിച്ചേർത്തു.


0 Comments