ഇറാനില്‍ ഇസ്രയേലും-യുഎസും സംയുക്ത ആക്രമണം നടത്തിയതിനെ തുടർന്ന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലില്‍ സ്ഫോടനം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.ബഹ്റൈൻ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും മിസൈല്‍ ആക്രമണം നടന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
മിസൈല്‍ ആക്രമണം ഉണ്ടായെന്ന് ബഹ്റൈൻ സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ആളുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ബഹ്റൈനിലെ യു എസ് നാവിക സേനാ ആസ്ഥാനത്താണ് ആക്രമണം നടന്നത്.
ബഹ്റൈന് പിന്നാലെ കുവൈത്തിലും അബുദാബിയിലും സ്ഫോടനം നടന്നു. യുഎഇയിലെ യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാൻ്റെ ആക്രമണം.
അതേസമയം, ഇറാൻ മിസൈല്‍ പ്രതിരോധിച്ചതായി ഖത്തർ അറിയിച്ചു. ഖത്തറിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിർദേശം നല്‍കി. സൈനിക താവളങ്ങള്‍ക്ക് സമീപത്ത് നിന്ന് ഒഴിയണമെന്നും ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത പൂർണമായും അടച്ചു.


0 Comments