മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ പത്‌നിയുമായ സുനേത്രപവാർ എൻസിപി ദേശിയ അധ്യക്ഷ. മുബൈയില്‍ നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ് സുനേത്രപവാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.എൻസിപിയുടെ ആദ്യ വനിത പ്രസിഡന്റാണ് സുനേത്ര.
മുംബൈയിലെ വർളി ഡോമില്‍ നടന്ന പാർട്ടിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സുനേത്രപവാറിനെ ദേശിയ പ്രസിഡന്റായി തീരുമാനിച്ചത്. വർക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലാണ് സുനേത്രയുടെ പേര് നിർദേശിച്ചത്. സുനില്‍ തത്ക്കറെ ഇതിനെ പിന്തുണച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മുതിർന്ന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ചുമതലയേറ്റ ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത സുനേത്ര പവാർ, അജിത് പവാറിന്റെ വികസന സ്വപ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് ലക്ഷ്യം. പാർട്ടിയുടെ ദേശീയ പദവി തിരിച്ചുപിടിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും സുനേത്ര പവാർ പറഞ്ഞു.
ഇന്ന് ദേശിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി ഉണ്ടായി. സുനേത്ര പവാറിന്റെ മകൻ പാർഥ് പവാറിനെ എൻസിപിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തു. പ്രഫുല്‍പട്ടേല്‍ തന്നെയാണ് പാർഥവിനെ രാജ്യസഭ സ്ഥാനാർഥിയായി നാമനിദേശം ചെയ്തത്. പാർട്ടിയുടെ 40 എംഎല്‍എമാരും പാർഥിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


0 Comments