വഡോദര: 2026 വിമണ്‍സ് പ്രിമീയർ ലീഗ് കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വഡോദരയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആറ് വിക്കറ്റുകള്‍ക്ക് വീഴ്ത്തിയാണ് ആർസിബി ചാമ്പ്യന്മാരായത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ആർസിബിയുടെ തുടർച്ചയായ രണ്ടാം കിരീടമാണിത്. ഇതിന് മുമ്പ് 2024ലാണ് ആർസിബി കിരീടം നേടിയിരുന്നത്. തുടർച്ചയായ നാലാം വിമണ്‍സ് പ്രിമീയർ ലീഗ് ഫൈനലിലാണ് ഡല്‍ഹി പരാജയപ്പെടുന്നത്. ഇതോടെ ഡല്‍ഹിയുടെ ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരും.മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഗ്രേസ് ഹാരിസിനെ നഷ്ടമായി. എന്നാല്‍ പിന്നീടങ്ങോട്ട് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ പ്രകടനമാണ് ഡല്‍ഹിയുടെ ആദ്യ കിരീടമെന്ന സ്വപ്നം തല്ലിതകർത്ത്.
ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. സ്‌മൃതി മന്ദാന 41 പന്തില്‍ 87 റണ്‍സ് നേടിയാണ് ആർസിബിയുടെ വിജയശില്പിയായത്. 12 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് സ്‌മൃതിയുടെ ഇന്നിംഗ്സ്. 54 പന്തില്‍ 79 റണ്‍സ് നേടിയാണ് ജോർജിയ വില്‍ തിളങ്ങിയത്. 14 ഫോറുകളാണ് താരം നേടിയത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 37 പന്തില്‍ 57 റണ്‍സ് നേടിയാണ് ജെമീമ മികവ് കാട്ടിയത്. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ലോറ വോള്‍വാർഡ് 25 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 44 റണ്‍സും നേടി മികച്ചു നിന്നു. അവസാന ഓവറുകളില്‍ ചിനെല്ലെ ഹെൻറി 15 പന്തില്‍ പുറത്താവാതെ 35 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിർണായകമായി.


0 Comments