News

6/recent/ticker-posts

Header Ads Widget


'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ


തൃശൂർ: പേയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പുറത്താക്കിയത്. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി തന്നെയാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നാണ് ആരോപണം. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പില്‍ പറയുന്നു.സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം വന്നതിന് ശേഷവും പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നതെന്ന് പാർട്ടി വിലയിരുത്തുന്നുണ്ട്. കൂടാതെ, കോണ്‍ഗ്രസ് നേതൃത്വവുമായി അങ്ങോട്ട് ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള അച്ചടക്കനടപടി എന്ന നിലയില്‍ സി സി മുകുന്ദനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നുവെന്നും ഈ നടപടി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണെന്നും പാർട്ടി പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നുണ്ട്.

നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് എന്ന ആരോപണം ഉണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് പിന്നാലെയാണ് സിപിഐ മുകുന്ദനെ പുറത്താക്കിയത്. മുൻ എംഎല്‍എയായ ഗീത ഗോപിയാണ് നാട്ടികയില്‍ ഇത്തവണ സിപിഐയുടെ സ്ഥാനാർത്ഥി. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു.പിന്നാലെ നാട്ടികയില്‍ താൻ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ചില നിർദേശങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ചില കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പാർട്ടിയില്‍നിന്ന് തന്നെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താനായിട്ട് പാർട്ടിയില്‍നിന്ന് പുറത്തു പോകില്ലെന്നും മുകുന്ദൻ വ്യക്തമാക്കിയിരുന്നു. പേയ്‌മെന്റ് സീറ്റില്‍ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ശരിയല്ല എന്നതാണ് തന്റെ നിലപാട്. ആർക്കെല്ലാം പണം കിട്ടിയെന്നത് സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സിപിഐ തളളിയ മുകുന്ദനെ കോണ്‍ഗ്രസിന് വേണ്ട എന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് ആന്റോ തുറയൻ, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈൻ നാട്ടികയുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. മറ്റ് പാർട്ടികളില്‍നിന്ന് പുറന്തള്ളുന്ന സ്‌ക്രാപ് എടുക്കാൻ തങ്ങള്‍ തയ്യാറല്ലെന്നും മുകുന്ദനെ സ്ഥാനാർഥിയാക്കരുതെന്നും നാട്ടിക തിരിച്ചു പിടിക്കാൻ മുകുന്ദൻ വേണ്ട എന്നുമായിരുന്നു ഇവർ ഉന്നയിച്ചത്.

Post a Comment

0 Comments