അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മലയാളി കരുത്തില്‍ ഇന്ത്യക്ക് ലോകകിരീടം. ആവേശകരമായ ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ 96 റണ്‍സിന് തകർത്ത് സുര്യകുമാർ യാദവും സംഘവും ലോകസിംഹാസനത്തില്‍ തിരിച്ചെത്തി.ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ നടത്തിയ വെടിക്കെട്ട് പ്രകടനവും തുടർന്ന് ബൗളർമാർ നടത്തിയ കൃത്യതയാർന്ന ആക്രമണവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ടി 20 ലോകകിരീടമാണ് ഇന്ത്യ പോക്കറ്റിലാക്കിയത്. മൊത്തത്തില്‍ ഇന്ത്യയുടെ മൂന്നാം ടി 20 ലോകകിരീടം കൂടിയാണ് മോദി സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 256 റണ്‍സെന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് തുടക്കം മുതല്‍ പിഴച്ചു. ഇന്ത്യൻ ബൗളർമാരുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ കിവി ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ കളി പൂർണ്ണമായും നിയന്ത്രിച്ചു. തീപാറും പന്തുകളുമായി 4 വിക്കറ്റ് വീഴ്ത്തിയ ബുംമ്ര കിവികളുടെ ചിറകരിഞ്ഞു. ഒന്ന് പൊരുതി നോക്കാൻ പോലും സമ്മതിക്കാതെ ഇന്ത്യൻ പേസർമാരുടെയും സ്പിന്നർമാരുടെയും കൃത്യതയ്ക്ക് മുന്നില്‍ ന്യൂസിലാൻഡ് 159 റണ്‍സില്‍ ബാറ്റ് താഴ്ത്തി. ബുംറയാണ് കളിയിലെ താരം. ലോകകപ്പിലെ താരമായി സഞ്ജു ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
സഞ്ജു സാംസണ്‍ എന്ന ‘സൂപ്പർമാൻ’ ആണ് ഈ വിജയത്തിന്റെ ശില്പി. ഫൈനലിലെ നിർണ്ണായക ഘട്ടത്തില്‍ 89 റണ്‍സെടുത്ത് ഇന്ത്യയുടെ നട്ടെല്ലായ സഞ്ജുവിന്റെ പ്രകടനം ലോകോത്തരമായിരുന്നു. അഭിഷേക് ശർമ്മയുടെയും ഇഷാൻ കിഷന്റെയും അർധസെഞ്ചുറികളും വിജയത്തില്‍ നിർണ്ണായകമായി. ഈ ലോകകപ്പ് വിജയത്തോടെ ടി20 ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഇന്ത്യ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. മലയാളി താരത്തിന്റെ ചിറകിലേറി ഇന്ത്യ ലോകകപ്പ് ഉയർത്തിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും വലിയ അഭിമാന നിമിഷമായി മാറി.


0 Comments