News

6/recent/ticker-posts

Header Ads Widget


വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി'; ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ; ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി


തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൻ പരിഷ്കാരങ്ങളും വികസന കുതിപ്പും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്.ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയില്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികള്‍ വൻതോതില്‍ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടില്‍ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി 'കേരള നോളജ് വാലി' പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.

വിദേശ സർവ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തില്‍ ഉറപ്പാക്കാൻ നോളജ് വാലി പദ്ധതി സഹായിക്കും. ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവ്വകലാശാലകളുമായും സഹകരിച്ച്‌ ഏറ്റവും മികച്ച അക്കാദമിക് പ്രോഗ്രാമുകള്‍ കേരളത്തില്‍ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലില്‍ ആവശ്യമായ പരിഷ്കരണങ്ങള്‍ വരുത്തും. പിന്നാക്ക-ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് വയനാട് ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Post a Comment

0 Comments