News

6/recent/ticker-posts

Header Ads Widget


കോഴിക്കോട് ലൈറ്റ് മെട്രോ, മലബാറില്‍ സ്റ്റേഡിയം, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്: മുഖ്യമന്ത്രി വിഡി സതീശൻ്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍



തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു. കഴിഞ്ഞ സർക്കാർ ബജറ്റില്‍ കണക്കാക്കിയ കേന്ദ്ര വിഹിതം ലഭിക്കാത്ത പശ്ചാത്തലത്തില്‍, ഇത്തവണത്തെ വാർഷിക പദ്ധതി അടങ്കല്‍ 30,370 കോടി രൂപയായി കുറച്ചിട്ടുണ്ട്. കാർഷിക, ആരോഗ്യ, തൊഴില്‍, ഊർജ്ജ മേഖലകള്‍ക്ക് വൻ പ്രാധാന്യം നല്‍കുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍.



കർഷകർക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്നും 250 രൂപയായി ഉയർത്തി. ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ വകയിരുത്തി. അടുത്ത 3 വർഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉല്‍പ്പാദനം 1 കോടി ലിറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികളും ഫാം ടൂറിസവും പ്രോത്സാഹിപ്പിക്കും. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരില്‍ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. 



ഇന്ദിര ഗ്യാരന്റിയിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. ആശാ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപ മാറ്റിവെച്ചു.മത്സ്യബന്ധന മേഖലയ്ക്ക് അധികമായി 50 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് പരിരക്ഷ പുതുക്കി നിശ്ചയിക്കും. മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ യാഥാർത്ഥ്യമാക്കും. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 20 കോടി രൂപ വകയിരുത്തി. നഗരങ്ങളുടെ ആസൂത്രിത വികസനത്തിനായി 100 കോടി രൂപ ചെലവില്‍ 'അർബൻ ഗ്രോത്ത് മിഷൻ' നടപ്പിലാക്കും. കൊച്ചി, ആലുവ, പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ച്‌ 10 കോടി രൂപ ചെലവില്‍ 'ഗ്ലോബല്‍ ഫർണിച്ചർ ഹബ്' സ്ഥാപിക്കും. കൊച്ചി-തൃശൂർ മേഖലകളെ കേന്ദ്രീകരിച്ച്‌ 10 കോടി രൂപ ചെലവില്‍ 'ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബും' സ്ഥാപിക്കും. പ്രവാസികളെ നിക്ഷേപകരും സംരംഭകരുമാക്കാൻ ലക്ഷ്യമിട്ട് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. സ്പെഷ്യല്‍ ഇൻവെസ്റ്റ്മെന്റ് സോണുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ തനത് പരമ്പരാഗത ഉല്‍പ്പന്നങ്ങളെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'ബ്രാൻഡ് കേരളം' പദ്ധതി കൊണ്ടുവരും. കായിക കേരളത്തില്‍ നിന്ന് പുതിയ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികള്‍ ആരംഭിക്കും. മലബാറില്‍ പുതിയ ഫുട്ബോള്‍ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.



കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റും. പുനരുപയോഗ ഊർജ്ജ പദ്ധതികള്‍ക്കായി 100 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചു. റിസർവോയറുകളില്‍ ഫ്ലോട്ടിങ് സോളാർ പാനലുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉല്‍പ്പാദനം കൂട്ടും. പുതിയ തലമുറയിലെ (Gen Z) യുവതി യുവാക്കള്‍ക്കായി 50 കോടി രൂപയുടെ സ്റ്റാർട്ടപ്പ് പദ്ധതി പ്രഖ്യാപിച്ചു. മലയാള ഭാഷയ്ക്കായി 10 കോടി രൂപ ചെലവില്‍ 'തുറന്ന ഡാറ്റ സെല്‍' സ്ഥാപിക്കും. പാചക കലയിലെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി 2 കോടി രൂപ ചെലവില്‍ പുതിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. പ്രകൃതി ദുരന്തങ്ങളെ മികച്ച രീതിയില്‍ നേരിടുന്നതിനായി 'ഡിസസ്റ്റർ റെസിലിയൻസ് പ്രോഗ്രാം' നടപ്പിലാക്കും. കൂടാതെ, സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടന മാറ്റി അതിനെ ഒരു ആധുനിക 'തിങ്ക് ടാങ്ക്' ആക്കി മാറ്റുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

Post a Comment

0 Comments