കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന പരാതിയില്‍ യുവാവിന് നഷ്ട പരിഹാരം അനുവദിച്ച് കുടുംബ കോടതി.മരട് സ്വദേശിയുടെ ഹർജിയില്‍ മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് 15 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് പത്തനംതിട്ട കുടുംബക്കോടതി വിധിച്ചത്.
വിവാഹ സമയത്ത് വരന്റെ കുടുംബം നല്‍കിയ 32 ഗ്രാം സ്വർണാഭരണമോ അതിന്റെ നിലവിലെ വിപണി മൂല്യമോ 6 ശതമാനം പലിശ സഹിതം ഭാര്യ തിരികെ നല്‍കണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് ഉത്തരവിട്ടു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും യുവതി മറ്റൊരാളുമായുള്ള ബന്ധം തുടർന്നുവെന്നും, നേരത്തേ ഗർഭഛിദ്രം നടത്തിയ വിവരം മറച്ചുവെച്ചെന്നും, വിവാഹ ശേഷവും ഗർഭഛിദ്രത്തിന് വിധേയയായെന്നും ഹർജിക്കാരൻ ആരോപിച്ചു.വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ് തകർത്തത് എന്നിവ കണക്കിലെടുത്താണ് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. 2018 ജൂലൈയില്‍ ഹർജി നല്‍കിയ തീയതി മുതല്‍ 6 ശതമാനം പലിശയും നല്‍കണമെന്ന് കോടതി നിർദേശിച്ചു. എതിർ കക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും നഷ്ട പരിഹാരം നല്‍കുന്നതില്‍ ബാധ്യസ്ഥരാക്കിയിട്ടുണ്ട്.
യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും ഹർജിക്കാരന്റെ വിവാഹ ജീവിതം തകർക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചതായി കോടതി നിരീക്ഷിച്ചു. വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ലിസി ടി സ്കറിയയും സന്തോഷ് ജോസ് പ്രസാദും ഹാജരായി.


0 Comments