തിരുവനന്തപുരം: വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക തയ്യാറാക്കി മോട്ടോര്‍ വാഹന വകുപ്പ്. അനുമതി ഇല്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷന്‍ പട്ടികയിലുണ്ട്.അനുമതി നേടി ആര്‍സി ബുക്കില്‍ മാറ്റം വരുത്തി ചെയ്യാവുന്ന 6 മോഡിഫിക്കേഷനും ഇതില്‍ ഉള്‍പ്പെടുത്തി. ഗതാഗത കമ്മീഷണര്‍ പട്ടിക സര്‍ക്കാരിന് കൈമാറും. അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് മുഖ്യമന്ത്രി വി.ഡി സതീശന്‍ വാഹന മോഡിഫിക്കേഷന് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നിയമകുരുക്കുണ്ടാവാത്ത മോഡിഫിക്കേഷനുകളുടെ ലിസ്റ്റ് എംവിഡി തയ്യാറാക്കി. വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കാം. പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനാവുന്ന മാന്യമായ സ്റ്റിക്കറുകള്‍ ആയാല്‍ മതി. വാഹനത്തിനുള്ളില്‍ അലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കാം. റിവേഴ്സ് ക്യാമറ, ജിപിഎസ് ട്രാക്കര്‍, കൂടുതല്‍ സ്പീക്കറുകള്‍, റൂഫ് ക്യാരിയറുകള്‍ എന്നിവ സ്ഥാപിക്കാനും പ്രശ്നമില്ല. 50 ശതമാനം ദൃശ്യം ഉറപ്പാക്കുന്ന സണ്‍ഫിലിമും വാഹനത്തിന്‍റെ വിന്‍ഡോ ഗ്ലാസില്‍ അനുമതി ഇല്ലാതെ ഒട്ടിക്കാം.
വാഹനത്തിന്‍റെ നിറം മാറ്റം, മറ്റൊരു എഞ്ചിൻ സ്ഥാപിക്കല്‍, വാഹം ഇലക്‌ട്രിക് ആയി മാറ്റുക തുടങ്ങിയവക്ക് എംവിഡിയുടെ അനുമതി വാങ്ങണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്തണം. പട്ടികയിലുള്ളതല്ലാത്ത മറ്റ് മോഡിഫിക്കേഷനുകളെല്ലാം നിയമ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് എംവിഡിയുടെ കണ്ടെത്തല്‍. പട്ടികയിലുള്ള 90 ശതമാനം മോഡിഫിക്കേഷനുകളും നിലവിലുള്ളതു തന്നെയാണ്. വാഹന പ്രേമികള്‍ ഇത് കൊണ്ട് തൃപ്തിപ്പെടുമോ എന്നതാണ് ഇനി കാണേണ്ടത്.
അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. സീറ്റ് കവര്‍
2. ഫ്‌ലോര്‍ മാറ്റ്
3. സ്റ്റിയറിങ് വീല്‍ കവര്‍
4. ക്രോം ഗാര്‍ണിഷ്
5. ഡോര്‍ വൈസറുകള്‍
6. മഡ് ഫ്‌ളാപ്പുകള്‍
7. ബോഡി സ്റ്റിക്കറുകള്‍
8. ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്
9. ഡാഷ് കാമറ
10. റിവേഴ്‌സ് കാമറ
11. പാര്‍ക്കിങ് സെന്‍സര്‍
12. ജിപിഎസ് ട്രാക്കര്‍
13. ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം
14. അഡീഷണല്‍ സ്പീക്കറുകള്‍
15. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
16. ടോ ഹുക്കുകള്‍
17. റൂഫ് കാരിയറുകള്‍
18. 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം
ആര്‍സിയില്‍ മാറ്റംവരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. വാഹനത്തിന്റെ നിറം മാറ്റല്‍
2. എന്‍ജിന്‍ മാറ്റല്‍
3. എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കല്‍
3. ഇലക്‌ട്രിക്കാക്കി മാറ്റല്‍
4. ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍
5. ഷാസി ഫ്രെയിം മാറ്റല്‍
വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവായിരിക്കെ തന്നെ വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്നായിരുന്നു നിലപാട്. തെരഞ്ഞെടുപ്പ് കാലത്തും ഇതില്‍ നിന്നും ഒട്ടും പിൻമാറിയില്ല.മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ പ്രഖ്യാപനം എപ്പോള്‍ നടക്കുമെന്ന ചോദ്യത്തിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ വൈറലായ പൂക്കി ചിരി പിറന്നതും.


0 Comments