തിരുവനന്തപുരം: "മഴ പെയ്യുമ്പോള്‍ ചോർന്നൊലിക്കാത്ത ഒരു വീട്ടില്‍ ഭയമില്ലാതെ ഉറങ്ങണം..." വിഴിഞ്ഞം സ്വദേശിനിയായ റുവാനി എന്ന ആറുവയസ്സുകാരിയുടെ ഈ നിഷ്കളങ്കമായ ആഗ്രഹം ഇനി യാഥാർത്ഥ്യമാകും.സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയോട് വീട് വേണമെന്ന് അഭ്യർത്ഥിച്ച റുവാനിയുടെ കുടുംബത്തെ മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് പുതിയ വീട് നിർമ്മിച്ച് നല്‍കുമെന്ന് ഉറപ്പുനല്‍കി. വിഴിഞ്ഞം സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ സങ്കടം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അടിയന്തര സഹായവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.
നിലവില്‍ വിഴിഞ്ഞത്തെ ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും അടങ്ങുന്ന നാലംഗ കുടുംബം താമസിക്കുന്നത്. അടച്ചുറപ്പോ ശുചിമുറിയോ പോലുമില്ലാത്ത ഈ പഴയ വീട്ടില്‍, മഴ പെയ്യുമ്പോള്‍ ഭയന്നുവിറച്ച് ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് റുവാനി വിതുമ്പലോടെ പറഞ്ഞിരുന്നു.
"മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതില്‍ ഞങ്ങള്‍ക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോള്‍ ജോലി കിട്ടി ആ പൈസ തിരികെ തരാം..."
സമൂഹമാധ്യമങ്ങളില്‍ തരംഗമായ റുവാനിയുടെ ഈ വാക്കുകളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞിന്റെ നിഷ്കളങ്കമായ അഭ്യർത്ഥന കേട്ടയുടൻ മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ ബന്ധപ്പെടുകയും പുതിയ വീട് വെച്ചുനല്‍കാമെന്ന വലിയ ഉറപ്പ് നല്‍കുകയുമായിരുന്നു.
അതീവ കഷ്ടപ്പാടിലാണ് ഈ കുടുംബം നിലവില്‍ കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. മുൻപ് അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നല്‍കിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ ഒരു ചെറിയ ചായ്പ്പിലായിരുന്നു ഇവരുടെ താമസം.
ഇതിനുമുൻപ് ലൈഫ് മിഷൻ പദ്ധതിയിലടക്കം പലതവണ വീടിനായി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ റുവാനിയുടെ വാക്കുകള്‍ വൈറലായതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കുടുംബത്തിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ശുഭപര്യവസാനം കുറിച്ചിരിക്കുകയാണ്.


0 Comments