തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചു.രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് നടപടി.
സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്. ബന്ധുനിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തില്‍ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നല്‍കരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്.
എന്നാല്‍ വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ബെന്നിയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ല. അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തില്‍ പ്രതികരിച്ചത്. തുടർന്നാണ് ബെന്നി രാജി സമർപ്പിച്ചത്.


0 Comments