News

6/recent/ticker-posts

Header Ads Widget


ഇനി സഹയാത്രികനല്ലെന്ന് പ്രഖ്യാപിച്ച്‌ കെ ടി ജലീല്‍; വലിയ ദൗത്യം, ഭാര്യക്കൊപ്പം സിപിഎം അംഗമായതായി കുറിപ്പ്


മലപ്പുറം: തവനൂർ മുൻ എംഎല്‍എയും മുൻ മന്ത്രിയുമായ കെ ടി ജലീല്‍ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീല്‍ പ്രവർത്തിച്ചിരുന്നത്. തന്‍റെ പൊതുജീവിതത്തില്‍ വലിയ പിന്തുണയും കരുത്തും നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീല്‍ കുറിപ്പില്‍ പറഞ്ഞു. 2006 മുതല്‍ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളില്‍ അംഗമാക്കിയത് പാർട്ടി തന്നില്‍ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നിന്ന് തുടർച്ചയായി നാല് തവണ എംഎല്‍എയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നല്‍കിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീല്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം കടുത്ത വിമർശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വർഗീയവും ഫാഷിസ്റ്റ് ശക്തികളും ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുർബല വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ ദുർബലമാകുന്നത് സമൂഹത്തിന് ദീർഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ ഉദാഹരിച്ചുകൊണ്ട് കേരളത്തില്‍ സമാന സാഹചര്യം ഉണ്ടാകാതിരിക്കാൻ സിപിഎം ശക്തമായി നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും പൊതുജീവിതത്തില്‍ ധാർമ്മികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവരാണെന്ന വിലയിരുത്തലും ജലീല്‍ നടത്തി. അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും, തെറ്റുകള്‍ കണ്ടെത്തുമ്പോള്‍ അവരെ മാറ്റിനിർത്താൻ മടിക്കാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതവിശ്വാസികള്‍ക്ക് സിപിഎം അംഗത്വം സ്വീകരിക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ചില വർഗീയ ശക്തികള്‍ നടത്തുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഹൈന്ദവ, മുസ്ലിം, ക്രൈസ്തവ വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് അകറ്റാനുള്ള ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസിയും കമ്മ്യൂണിസ്റ്റുകാരനും ഒരേസമയം ആകാൻ കഴിയുമെന്ന് നിരവധി വ്യക്തികള്‍ ജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെയും ഭാര്യയുടെയും പാർട്ടി പ്രവേശനം വർഗീയതയ്ക്കും മതത്തിന്റെ പേരിലുള്ള ചൂഷണ രാഷ്ട്രീയത്തിനുമെതിരായ നിലപാടിന്റെ ഭാഗമാണെന്നും ജലീല്‍ വ്യക്തമാക്കി. പാർട്ടി പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ അതിനൊപ്പം നില്‍ക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതിനാലാണ് അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകർ, തൊഴിലാളികള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സർക്കാർ ജീവനക്കാർ, വ്യാപാരികള്‍, അധ്യാപകർ, വിദ്യാർത്ഥികള്‍, യുവാക്കള്‍, പ്രവാസികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാല കൂട്ടായ്മയാണ് സിപിഎം എന്നും ആ കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ ഒരു വലിയ സാമൂഹിക ദൗത്യത്തിലാണ് താൻ പങ്കുചേരുന്നതെന്നും ജലീല്‍ കുറിപ്പില്‍ വ്യക്തമാക്കി.

Post a Comment

0 Comments