പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ഖത്തറില്‍ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ചകള്‍ അനുകൂലമെന്ന് റിപ്പോർട്ട്.ഹോർമൂസ് കടലിടുക്കില്‍ ഒരാഴ്ചത്തേക്ക് സംഘർഷത്തിന് അയവുവരുത്താൻ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ നിയന്ത്രണാവകാശത്തെച്ചൊല്ലി ഇരുപക്ഷവും തമ്മിലുള്ള ഭിന്നത ഇപ്പോഴും തുടരുകയാണ്.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ ജൂലൈ 4 മുതല്‍ 9 വരെ നടക്കാനിരിക്കുന്നതിനാല്‍, അടുത്ത ഘട്ട ചർച്ചകള്‍ അതിനുശേഷമേ ഉണ്ടാകൂ. അന്തിമ കരാറിലെത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന വിഷയങ്ങള്‍ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികള്‍ മുഖേനയാണ് ഇരുരാജ്യങ്ങളും ചർച്ച ചെയ്തത്. രണ്ടാഴ്ച മുൻപ് ഒപ്പുവെച്ച 'ഇസ്‍ലാമാബാദ് ധാരണാപത്ര'ത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി.
അതേസമയം, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരദ് കഷ്‌നറും ഖത്തറിലെത്തിയെങ്കിലും സാങ്കേതികതല ചർച്ചകളുടെ ഭാഗമായില്ല. ഇരുവരും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി കാസിം ഖരിബാബാദിയുടെ നേതൃത്വത്തിലുള്ള ഇറാൻ സംഘം യു.എസ് പ്രതിനിധികളുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വാരാന്ത്യത്തിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് അനിശ്ചിതത്വത്തിലായ ചർച്ചകളാണ് മധ്യസ്ഥരുടെ ഇടപെടലിലൂടെ വീണ്ടും സജീവമായത്. ഇറാന്റെ ആണവപദ്ധതിയുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ഇനി അന്തിമതീർപ്പുണ്ടാകാനുള്ളത്.


0 Comments