ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന്.അഞ്ച് പ്രതികള്‍ സംഭാവന തട്ടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ അവിനാഷ് ശുക്ലയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു.
അവിനാഷില്‍ നിന്ന് നേരത്തെ 20 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളില്‍ നിന്ന് വെള്ളിയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായും എസ്‌ഐടി പറയുന്നു. നിലവില്‍ പ്രതികളുടെ ബാങ്ക് ഇടപാടുകളുടെ വിവരവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.
കുറ്റാരോപണത്തെ തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റില്‍ നിന്നും രാജിവെച്ച ചമ്പത് റായിയെയും എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ട്രസ്റ്റിലേക്കുള്ള വരുമാനത്തെക്കുറിച്ചും കൊള്ളയില്‍ അറസ്റ്റിലായവരെയും കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം.ചമ്പത് റായ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘടന രംഗത്ത് എത്തിയതോടെയാണ് എസ്‌ഐടിയുടെ നീക്കം. ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ക്കെതിരെ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വ്യാജവും കെട്ടിച്ചമച്ചതുമായ വിശദീകരണങ്ങളിലൂടെ സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഫൈസാബാദ് ബാര്‍ അസോസിയേഷന്റെ പരാതി. ഭണ്ഡാരക്കൊള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകരുതെന്ന് ഫൈസാബാദ് ബാര്‍ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഹാജരായാല്‍ അവര്‍ക്ക് പിഴ ചുമത്തുമെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംഭാവന തട്ടിപ്പിലെ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.ക്ഷേത്രത്തില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് പ്രതിയായ ലവ് കുശ് മിശ്ര അയോധ്യയില്‍ നിര്‍മിക്കുന്ന വീട് ഇടിച്ച് നിരത്താനും യുപി സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന ലവ് കുശ് മിശ്ര ക്ഷേത്ര ജീവനക്കാരനായതിന് പിന്നാലെ ഒരു കോടി രൂപ മുടക്കി വീട് നിര്‍മിക്കുകയായിരുന്നു.
കൊള്ളയില്‍ അന്വേഷണം ഇഴയുന്നതില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.


0 Comments