കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചല്‍ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയുടെ മൃതദേഹമാണ് ആറാം ദിവസം കണ്ടെത്തിയത്.സോണ്‍ രണ്ടില്‍ നടത്തിയ തിരച്ചിലിലാണ് മണ്ണിടിച്ചിലില്‍ ഇരുമ്പ് ഭാഗങ്ങള്‍ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്. ബിക്രം സിങ്ങിൻ്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വൈത്തിരിയില്‍ നിന്ന് എംബാം ചെയ്യുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. ഇതോടെ കള്ളാടി മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. ദേശീയ ദുരന്ത പ്രതികരണ സേന, പോലീസിൻ്റെ സ്പെഷല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ്, അഗ്നിശമന സേന വിഭാഗങ്ങളില്‍ നിന്നുള്ള 50 അംഗ സംഘം മീനാക്ഷി പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്.
മണ്ണിടിച്ചില്‍ പ്രദേശത്തെ സോണ്‍ രണ്ട്, സോണ്‍ നാല് കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് കഴിഞ്ഞദിവസങ്ങളല്‍ നടന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 70 അംഗ സംഘത്തിനൊപ്പം അഗ്നിശമന സേന, പോലീസ്, സ്പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിവില്‍ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം കള്ളാടി മണ്ണിടിച്ചില്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഭൗമ ശാസ്ത്രജ്ഞൻ ഡോ. സിപി രാജേന്ദ്രൻ സമിതി അധ്യക്ഷനും പരിസ്ഥിതി ശാസ്ത്രജ്ഞൻ വിഷ്ണുദാസ്, സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഡോ പി പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഡോ അദീല അബ്ദുള്ള എന്നിവർ അംഗങ്ങളായുമായും ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജീവൻ ബാബു കെ കണ്‍വീനറുമായാണ് സമിതി പ്രവർത്തിക്കുക.
സംസ്ഥാന- കേന്ദ്ര സർക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്താനും, കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ അനുമതികള്‍, കരാറുകാർ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്നിവയെല്ലാം സമിതി പരിശോധിക്കും. കള്ളാടി തുരങ്കപാത നിർമാണ മേഖലയില്‍ സുരക്ഷാ വീഴ്ചകളുണ്ടോ, സാങ്കേതിക പിഴവുകളുണ്ടോ, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ തുടങ്ങിയവയും സമിതി പരിശോധിക്കും. അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളില്‍ തന്നെ സമിതി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കും.


0 Comments