News

6/recent/ticker-posts

Header Ads Widget


മൂന്ന് ദിവസം പെയ്തത് 232% അധിക മഴ; തിമിര്‍ത്ത് പെയ്‌തിട്ടും കേരളത്തില്‍ 24% മഴ കുറവ്, കെഎസ്‌ഇബിയ്ക്ക് നഷ്ടം 25 കോടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ 3 വരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 232% അധിക മഴയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.എന്നിട്ടും സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ കുറവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണയായി 1357.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1038 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.

വയനാട് ജില്ലയിലാണ് മഴയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 848.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ലഭിക്കേണ്ട മഴയില്‍ 50% കുറവാണുണ്ടായത്. 46% കുറവുമായി ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 891.8 മില്ലിമീറ്റർ ലഭിച്ചത്. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. 539.5 മില്ലിമീറ്റർ ലഭിച്ചതോടെ 2% വർധന രേഖപ്പെടുത്തി. കേരളത്തിന് പുറമേ ലക്ഷദ്വീപില്‍ 31% കുറവ് രേഖപ്പെടുത്തി. മാഹിയില്‍ സാധാരണ നിലയിലുള്ള മഴ തന്നെ ലഭിച്ചു.ഓഗസ്റ്റ് 1 മുതല്‍ 3 വരെ 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പത്തനംതിട്ട ജില്ലയില്‍ 533% അധിക മഴയാണ് പെയ്തത്. കോഴിക്കോട് ജില്ലയില്‍ 257.4 മില്ലിമീറ്റർ മഴ പെയ്തു. 60.4 മില്ലിമീറ്ററാണ് ലഭിക്കേണ്ടിയിരുന്നത്. 326% അധിക മഴയാണ് ജില്ലയില്‍ പെയ്തത്. കണ്ണൂരില്‍ 227% അധിക മഴ പെയ്തു. 207% അധികമാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയില്‍ കെ.എസ്.ഇ.ബിയ്ക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച്‌ 25.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ച്‌ 2,892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 349 ഹൈ ടെന്‍‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 248 ഇടങ്ങളില്‍ ഹൈ ടെന്‍‍ഷന്‍ ലൈനും 7212 ഇടങ്ങളില്‍ ലോ ടെന്‍‍ഷന്‍ ലൈനും പൊട്ടിവീണു. 233 ട്രാന്‍സ്ഫോര്‍‍മറുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായെന്നും 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍‍ജ്ജിതശ്രമം സംസ്ഥാന വ്യാപകമായി നടന്നുവരികയാണെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Post a Comment

0 Comments