News

6/recent/ticker-posts

Header Ads Widget


പുത്തൂർ സ്കൂളിൽ അറിവിന്റെ പുതിയ പാഠശാല;‘ക്വിസോറ 2026’ തനത് പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം.



ഓമശ്ശേരി: പഠനം പാഠപുസ്തകത്തിനപ്പുറത്തേക്ക് വ്യാപിപ്പിച്ച് വിദ്യാർത്ഥികളിൽ അന്വേഷണവും വായനാശീലവും അറിവും വളർത്തുന്നതിനായി പുത്തൂർ ഗവ. യു.പി. സ്കൂളിൽ ആരംഭിച്ച ‘ക്വിസോറ 2026’ തനത് പ്രവർത്തനത്തിന് നിറഞ്ഞ സദസ്സിൽ ഉജ്ജ്വല തുടക്കം.ഉപജില്ലയിലെ മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി,വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ പങ്കാളികളാക്കുന്ന ഈ പദ്ധതി മാതൃകാപരവും ശ്രദ്ധേയവുമായ അക്കാദമിക പ്രവർത്തനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ‘ക്വിസോറ’ റഫറൻസ് പുസ്തകം കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.കെ. രശ്മി പ്രകാശനം ചെയ്തു.

1500 ചോദ്യങ്ങൾ ഉൾപ്പെടുന്ന പുസ്തകത്തിൽ 500 എണ്ണം എൽ.പി. വിഭാഗത്തിനും 1000 എണ്ണം യു.പി. വിഭാഗത്തിനുമായാണ്‌ ക്രമീകരിച്ചത്‌.ഇത്‌ അടിസ്ഥാനമാക്കി മൂന്ന് ഘട്ടങ്ങളിലായി ക്വിസ് മത്സരം നടത്തും.ഓരോ ഘട്ടത്തിലെയും മികവ് പുലർത്തുന്നവരിൽ നിന്ന് മെഗാ ഫൈനലിസ്റ്റുകളെ കണ്ടെത്തും.മെഗാ ഫൈനൽ വിജയികൾക്ക് ബംബർ സമ്മാനവും മറ്റു വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.ഇതേ പുസ്തകം അടിസ്ഥാനമാക്കി രക്ഷിതാക്കൾക്കും പ്രത്യേക ക്വിസ് മത്സരം നടത്തും.സ്വയം വായിച്ചും അന്വേഷിച്ചും അറിവ് നേടുന്ന ശീലം വളർത്തുന്നതിനൊപ്പം അറിവ് സമ്പാദനത്തെ സ്ഥിരമായ പഠനശീലമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും ‘ക്വിസോറ’യുടെ പ്രത്യേകതയാണ്.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുൻ പ്രധാനാധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ പി.എ. ഹുസൈൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ ഷഫ്‌ന മാളിയേക്കണ്ടി,പി.ടി.എ. വൈസ് പ്രസിഡന്റ് സി.പി.സലീം,സീനിയർ അസിസ്റ്റന്റ് ഹഫ്സ ടീച്ചർ, എം.പി.ടി.എ. പ്രസിഡന്റ് കെ.ഷെറീജ,എസ്.ആർ.ജി. കൺവീനർ ഡോ:കെ.സബീന,ക്വിസോറ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.സി. ഷാദുലി,പി.കെ.ദീപ സംസാരിച്ചു. പ്രധാനാധ്യാപിക വി.ഷാഹിന സ്വാഗതവും ക്വിസോറ കോ-ഓർഡിനേറ്റർ രമ്യ കൃഷ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments