News

6/recent/ticker-posts

Header Ads Widget


സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വികാരമില്ല, ഗൃഹ സമ്ബര്‍ക്കത്തില്‍ അക്കാര്യം വ്യക്തമായി: എം വി ഗോവിന്ദൻ


തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സിപിഐഎം നടത്തിയ ഗൃഹ സമ്പർക്ക പരിപാടിയില്‍ അത് വ്യക്തമായെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ഗൃഹസന്ദർശനത്തില്‍ വ്യക്തമായി. ജനങ്ങള്‍ മുന്നോട്ട് വെച്ച വിമർശനം ഉള്‍ക്കൊള്ളും. പേരായ്മകള്‍ തിരുത്തി മുന്നോട്ട് പോകും. ജനങ്ങളുടെ നിർദ്ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ശബരിമല കള്ളക്കഥ പൊളിഞ്ഞെന്നും ജനങ്ങള്‍ക്കത് മനസ്സിലായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ശബരിമല സ്വർണക്കൊള്ളയില്‍ സിപിഐഎം ആരെയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സോണിയാ ഗാന്ധിയെ കാണാൻ പോറ്റി എന്തിന് പോയി എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൊടിമരത്തിലേയ്ക്ക് അന്വേഷണം വന്നപ്പോള്‍ എസ്‌ഐടിക്കെതിരെ വി ഡി സതീശൻ രംഗത്ത് വന്നു. തന്ത്രിയെ പിടിച്ചതോടു കൂടി ബിജെപിക്ക് മിണ്ടാട്ടമില്ല. പോറ്റിയെ കയറ്റിയത് ഇടതുപക്ഷമല്ല യുഡിഎഫ് ആണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സ്വർണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.കണ്ണൂരില്‍ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണൻ്റെ വിഷയത്തില്‍ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനം എടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പാർട്ടി രക്തസാക്ഷി ഫണ്ടില്‍ നിന്നും നയാപൈസ വകമാറ്റില്ല. ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനില്‍ക്കില്ല. പാർട്ടി വിഷയം ചർച്ച ചെയ്തതാണ്. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് അകത്ത് പറഞ്ഞതെല്ലാം പരിഗണിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇനി പരാതിയുണ്ടെങ്കില്‍ പൊലീസിനെയും സമീപിക്കാമല്ലോയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

‌നാല് വോട്ട് കിട്ടാൻ അവസരവാദ നിലപാട് സ്വീകരിക്കുന്ന ആളാണ് വി ഡി സതീശൻ എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുമായി ഇനിയും ഞങ്ങള്‍ കൂട്ട് കൂടും എന്ന പറഞ്ഞത് വി ഡി സതീശനാണ്. ലോകം മുഴുവൻ ഇസ്ലാമിക രാജ്യമാകണം എന്ന് വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. അതു തന്നെയാണ് പരിപാടിയെന്ന് അവർ ആവർത്തിച്ച്‌ പറയുകയാണ്. അപ്പോഴും അവരുമായി ചേരുമെന്നാണ് വി ഡി സതീശൻ പറയുന്നത്. തരാതരം പോലെ ജമാഅത്തെ ഇസ്ലാമിയുമായും ആർഎസ്‌എസുമായി ചേരുന്നവരാണ് കോണ്‍ഗ്രസ് എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെയും എം വി ഗോവിന്ദൻ രൂക്ഷവിമർശനമാണ് നടത്തിയത്. എന്ത് തോന്ന്യാസവും പറയാൻ മടിക്കാത്ത തോന്നിയവാസിയാണ് കെ എം ഷാജിയെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. എകെജിയെക്കുറിച്ച്‌ കെ എം ഷാജി പറഞ്ഞത് തോന്ന്യാസം ആണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Post a Comment

0 Comments